കാവ്യയെ തേടി നിശാലും കുടുംബാംഗങ്ങളും എത്തരുതെന്നു കോടതി വിധി


കാവ്യ മാധവനെ തേടി ലൊക്കേഷനുകളിലോ വീട്ടിലോ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും കുടുംബാംഗങ്ങളും ചെല്ലരുതെന്നു എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് (ഒന്ന്) ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ കേസ് ഈ മാസം 29ന് വീണ്ടും കോടതി പരിഗണിക്കുമെന്നും അറിയിച്ചു.

കാവ്യ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് നല്കിയത്. ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം ഭര്‍ത്താവ് നിശാല്‍ ചന്ദ്രയ്ക്കും നിശാലിന്‍റെ മാതാപിതാക്കളായ ചന്ദ്രമോഹന്‍നായര്‍, മണിമോഹന്‍, സഹോദരന്‍ ദീപക് എന്നിവര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാവ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

നേരിട്ടോ ഫോണിലൂടെയോ എതിര്‍ കക്ഷികള്‍ താനുമായി സംസാരിക്കുന്നത് തടയണമെന്ന് കാവ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവും കുടുംബവും അടങ്ങുന്ന എതിര്‍കക്ഷികള്‍ ശാരീരികവും മാനസികവുമായി തന്നെയും കുടുംബത്തെയും പീഡിപ്പിക്കുമോയെന്ന ഭീതിയിലാണ് താനും കുടുംബവുമെന്നും ഹര്‍ജിയില്‍ കാവ്യ വ്യക്തമാക്കിയിരുന്നു.

കാവ്യയുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന യാതൊന്നും ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദ്ദേശിച്ചു. കാവ്യയ്ക്കു വേണ്ടി അഡ്വ എ വി തോമസും എതിര്‍ഭാഗത്തിനുവേണ്ടി അഡ്വ ബി രാമന്‍പിള്ളയും കോടതിയില്‍ ഹാജരായി.

വിദേശത്തായതിനാല്‍ നിശാലും കുടുംബവും കോടതിയില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.