മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഇനി കോമിക് ഹീറോ


രാജ്യത്തിന് വേണ്ടി പൊരുതി വീരചരമമടഞ്ഞ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഇനി കോമിക് ഹീറോ. മുംബൈ നഗരത്തെ ആക്രമിച്ച ഭീകരരെ നേരിട്ട് രക്തസാക്ഷിത്വം വരിച്ച ഈ വീരജവാനെ കേന്ദ്രകഥാപാത്രമാക്കി ആദ്യത്യ ബക്ഷിയെന്ന മര്‍ച്ചന്റ് നേവി ഓഫീസറാണ് കോമിക് പുസ്തകം തയ്യാറാക്കിയത്.

അന്‍പത്തിരണ്ടു പേജുള്ള സചിത്ര പുസ്തകത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സന്ദീപിന്റെ വീരകൃത്യങ്ങള്‍ വാഴ്ത്തുന്നതോടൊപ്പം സ്വകാര്യജീവിതത്തെയും പരാമര്‍ശിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യത്തോടൊപ്പം ഫാന്റസിയുടെ നേരിയ പൊലിമയോടെയാണ് പുസ്തകം വിപണിയില്‍ എത്തുന്നത്.

താജ് ഹോട്ടലില്‍ അക്രമിച്ച ഭീകരരോട് ഏറ്റുമുട്ടുന്നതിനിടെയാണ് സന്ദീപ് കൊല്ലപ്പെട്ടത്. കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ വിക്രം ബട്രയെക്കുറിച്ചു 2008ല്‍ തുടങ്ങിയ കോമിക് പരമ്പരയുടെ തുടര്‍ച്ചയാണു പുസ്തകം. കേണല്‍ എന്‍ജെ. നായരും പുസ്തകത്തില്‍ യാഥാര്‍ഥ കഥാപാത്രമായിരുന്നു.

രാജ്യത്തിന്റെ സൂപ്പര്‍ ഹീറോകളെ സരസമായി അവതരിപ്പിച്ചു സാധാരണക്കാരിലെത്തിക്കുക ലക്ഷ്യമെന്ന് രചയിതാവായ ഗുഡ്ഗാവുകാരന്‍ ആദിത്യ ബക്ഷി പറയുന്നു. ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങിയ ആദ്യ പുസ്തകം 10000 കോപ്പി വിറ്റുപോയി. ഇതാണു പുതിയ സംരംഭത്തിനു പ്രചോദനം. ഇത്തവണ ഏറ്റവും മികച്ച ഗ്രാഫിക്‌സാണ് ഉപയോഗിക്കുന്നത്.

ചിത്രരചനയ്ക്കും നിറവിന്യാസത്തിനും സഹായിച്ചത് സോണി തോക്‌ച്ചോം, ദീപക് പ്രജാപതി എന്നീ വിദ്യാര്‍ഥികള്‍. സന്ദീപിന്റെ കുടുംബം, സഹപ്രവര്‍ത്തകര്‍, മറ്റു ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചശേഷമാണു പുസ്തക രചന.

മുംബൈ ഭീകരാക്രമണം നടക്കുന്നതിന് കുറച്ചുദിവസം മുമ്പെ സന്ദീപ് തന്റെ സഹപ്രവര്‍ത്തകരോട് തന്റെ വിധി ദിനത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ബക്ഷി പുസ്തകത്തിലൂടെ വിശദീകരിയ്ക്കുന്നുണ്ട്.





MARCONIMALAYALAM NEWS LETTER

Subscribe to our newsletter and keep up with the latest Marconimalayalam news and events.